Saturday 1 February 2014

പ്രേതങ്ങള്‍






പറഞ്ഞു തീരാത്ത കഥകളെ
ഒരു ചിതല്‍പുറ്റിനുള്ളില്‍
ഒളിപ്പിച്ചുവച്ചിരിക്കുകയാണ് കാലം .

ചിതലുകള്‍ ഉറുമ്പുകളുടെ പ്രേതങ്ങളാണെന്ന്
ഞങ്ങള്‍ വിശ്വസിച്ചു.
സ്കൂളില്‍ പഠിപ്പിക്കാത്ത ഇത്തരം
ഒരുപാട് ജീവചരിത്രങ്ങള്‍
ഞങ്ങള്‍ പഠിച്ചുവച്ചിരുന്നു.

വാഴത്തോപ്പിലെ വെള്ളച്ചാലുകളില്‍
ആര്‍ക്കുമറിയാത്ത ഭാഷയില്‍
ഇന്നും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തച്ഛനും,
വലിയ കാലുകളും കൊമ്പുകളുമായി വന്ന ആശാരിയും,
ആരെങ്കിലും പൈസ തരുമെന്ന് പറഞ്ഞ്
കയ്യിലെടുത്തുപിടിച്ച പച്ചക്കുതിരയും
കല്ലെടുക്കുന്ന തുമ്പിയും,
സുന്ദരികളായ പൊന്നാമകളും,
ഇന്നും ജീവിക്കുന്നുണ്ട് ...

ഇവയെയെല്ലാം സൂക്ഷിച്ചു വച്ചത്
ചിതലുകളായിരുന്നു.
വെള്ളയുടുത്ത ഉറുമ്പുകളുടെ പ്രേതങ്ങള്‍.
മരിച്ചുപോയ ഓര്‍മ്മകളുടെ
പ്രേതങ്ങള്‍ !!!

Thursday 24 October 2013

തറവാട്ടു വീട്





സന്ധ്യാ നേരത്ത്
കെ എസ് ആര്‍ ടി സി ബസ്സ്‌
ചുരം കേറുന്നത് കണ്ടാല്‍
ചിമ്മിനി വിളക്കു കത്തിച്ചുവച്ച
ഒരു കോലായ എങ്ങോട്ടോ
പോകുന്നത് പോലെ തോന്നും ..

നെയ്തുണ്ടാക്കിയ ഒരു കസേരയില്‍
മുന്നില്‍ തന്നെയിരിപ്പുണ്ടാവും
മുഴുവന്‍ നരച്ച ,
വലിയ കണ്ണട വച്ച മുത്തച്ഛന്‍ ..

മുത്തച്ഛനു പിന്നില്‍
ഒന്നും മിണ്ടാതെ
താടിക്ക് കയ്യും കൊടുത്ത്
ആരോ വരാനുണ്ടെന്ന പോലെ
വഴിയിലേക്ക്‌ നോക്കിയിരിക്കും
സെറ്റ്‌ മുണ്ടുടുത്തിരിക്കുന്ന മുത്തശ്ശി ..

മുത്തച്ഛനും മുത്തശ്ശിയുമിരിക്കുന്ന
തറവാട്ടില്‍ നിന്ന്
ഇറക്കിവിടാന്‍ വാതില്‍ക്കല്‍
ആരും കാണില്ല ..
ആരെയും വലിച്ചു കേറ്റില്ല ..
മുന്നും പിന്നും നോക്കാതെ
ധൃതിയിലങ്ങ് പാഞ്ഞുപോകില്ല ..

അമ്മാവനാണെന്ന് തോന്നുന്നു
കാശ് വാങ്ങുന്നത് ..
ചില്ലറയില്ലാത്തതിന് പരിഭവമില്ല
പൊട്ടിത്തെറികളില്ല ...
ചാരെ നിന്ന് കുശലം പറയുന്നതും കാണാം ..

ഇടക്കൊന്ന് ആഞ്ഞുചവിട്ടാനോ
വളച്ചെടുക്കാനോ ഒരുങ്ങുമ്പോള്‍ തന്നെ
മുത്തച്ഛന്‍ പിന്നിലേക്ക് തിരിഞ്ഞ് പറയും
മുറുകെപ്പിടിച്ചിരിക്കാന്‍ ..

രാത്രി എത്ര വൈകിയാലും
എത്ര ക്ഷീണിച്ചാലും
മുത്തച്ഛന്‍ ഉറങ്ങില്ല ..

അല്ലെങ്കിലും മുത്തച്ഛന്‍ അങ്ങനെയാണ്
മക്കളും മരുമക്കളും പേരമക്കളുമെല്ലാം
സുരക്ഷിതരായെത്തുന്നത് വരെ
മുത്തച്ഛനുറക്കം വരില്ല ...!!!

Monday 16 September 2013

ഓണപ്പൂക്കള്‍



നിറമുള്ള പൂക്കളും കൊഴിയും 
നിറമില്ലാത്ത പൂക്കളും സുഗന്ധം പകരും ..
മുറ്റത്തു നട്ടുവളര്‍ത്താത്തൊരാ ചെടികള്‍
തൊടിയിലിരുന്ന് പതുക്കെ കരയും ..
ആരുമറിയാതെ പൂക്കും വാടും അവര്‍
ഒരു നോക്കിനായ്‌ മനം കൊതിക്കും ..

ഓണമെത്തുമ്പോളവള്‍ താലവുമായ് വരും
നിര്‍ലജ്ജം വന്ന് കൈകള്‍ നീട്ടും ..
ബഹുവൃത്തമൊത്തൊരു ഓണപ്പൂക്കളം
മെഴുകിയ മുറ്റത്തവള്‍ പണിതൊരുക്കും ..

മുക്കുറ്റി, തുമ്പയും മറ്റു കീഴാളരാം പൂക്കളും
ഉന്നതകുലമുറ്റത്ത്‌ ഗമയില്‍ നില്‍ക്കും ..
മാവേലിയെത്തുമ്പോള്‍ ,
എല്ലാരെയുമൊരുമിച്ചു കാണുമ്പോള്‍
ഒരനുഗ്രഹവര്‍ഷം ചൊരിയുമ്പോള്‍
എല്ലാം മറന്ന് അവരും നില്‍ക്കും ..

മാവേലി പടിയിറങ്ങുമ്പോള്‍
പൊന്‍വെയില്‍ മായുമ്പോള്‍
ഒരു കുറ്റിച്ചൂലുമായ്‌ അവള്‍ വരുന്നതും കാത്ത്
മുഖം വാടിയിരിക്കും മുക്കുറ്റിയും തുമ്പയും ..

മാവേലിയെത്തുന്ന ദിനത്തിനായെത്രയോ
മുക്കുറ്റിയും തുമ്പയുമിന്നും
അണിഞ്ഞൊരുങ്ങി വഴിയില്‍ കണ്ണുംനട്ടിരിക്കുന്നു ..!!

Thursday 12 September 2013

നിഴലിനെ വില്‍ക്കാനുണ്ട്




നടക്കുമ്പോള്‍ കൂടെ നടക്കുന്ന
ഇരിക്കുമ്പോള്‍ കൂടെയിരിക്കുന്ന 
കിടക്കുമ്പോള്‍ കൂടെക്കിടക്കുന്ന 
ഒരു നിഴലിനെ വില്‍ക്കാനുണ്ട് !
ഇരുട്ടില്‍ കാണില്ലെന്ന് കുറേപേര്‍ പറഞ്ഞു
വിളക്കെടുത്തു നോക്കുന്നേരം ഞാന്‍ കണ്ടു !
അവര്‍ നുണ പറഞ്ഞതായിരിക്കുമെന്നും
പറഞ്ഞുതന്നു എന്‍റെ നിഴല്‍ ...
എല്ലാം വിറ്റു തുലച്ചു ഞാന്‍
ഇനിയുള്ളത് ഈ നിഴലുമാത്രം !
നാളെ, ഞാനീ ഉത്തരത്തിലെ കയറില്‍
ജീവനറ്റ് നിന്നാടുമ്പോള്‍
കൂടെയാടാന്‍ ഈ നിഴലുണ്ടാവരുത് !
നല്ലവനായ ഒരു നിഴലിനെ വില്‍ക്കാനുണ്ട് !!!

Monday 2 September 2013

സഖാവ്




ചുവരാകെ ചുവന്ന ചായത്തിലെഴുതിവച്ചിരുന്നു 
മണ്ണിന്‍റെ മക്കളുടെ കൂടെനിന്നവന്‍റെ 
പേരിനു മുന്നിലായ്‌
സഖാവിന്‍റെ ‘സ’ യും രണ്ട് കുത്തും !
ഇന്നലെയെല്ലാമവസാനിച്ചു ..
രക്തപതാകയില്‍ പൊതിഞ്ഞെടുത്ത
ശരീരം കൊണ്ടുവച്ചു
‘കമ്മ്യൂണിസ്റ്റ്‌’ പച്ച വെട്ടിത്തെളിച്ച്
പള്ളിക്കാട്ടില്‍ പണിത പുതുക്കുഴിയില്‍ ..
മീസാന്‍ കല്ലിലെ പേരില്‍ ‘സ’ ഇല്ല ,
പറയുന്ന സലാമിനൊപ്പം ‘ലാല്‍’ ഇല്ല ..
വിപ്ലവം നയിച്ച ശരീരം
മണ്ണിലെ ചെറുമക്കളാം പുഴുക്കള്‍ തിന്നുതീര്‍ത്തു ..
ഒരു കൈ പോലും ബാക്കിവെച്ചില്ല ..
ജന്മിയും മുതലാളിത്തവുമില്ലാത്ത ലോകത്ത്‌
ഉയര്‍ത്താനൊരു കയ്യെന്തിന് ?
വീശാനൊരു പതാകയെന്തിന് ?
ഇനി മണ്ണിന്നു വളമേകുക !
‘കമ്മ്യൂണിസ്റ്റ്‌’ പച്ചകള്‍ പൊട്ടിമുളച്ച്
പച്ചപ്പ് പരക്കട്ടെ ,
എങ്ങും പച്ചപ്പ് പരക്കട്ടെ !!!

Wednesday 3 July 2013

കുഴിമാടം


 

ഒരു വഴിയളന്നിട്ടിരിക്കുന്നു
എന്‍റെ കുഴിമാടത്തിലേക്ക്..
ആരും വരാനില്ലെങ്കിലും ..!
ഇനിയും കാത്തിരിക്കുന്ന ആ ദിനം
ഇങ്ങെത്തും വരെ മാത്രം ..
എന്‍റെ മേല്‍ വളര്‍ന്ന പുല്ലുതിന്നാന്‍ വന്ന
ആടിനെ സ്നേഹിച്ചാല്‍ മതിയായിരുന്നു ..!
പുഴുക്കളെ കൊല്ലേണ്ടിയിരുന്നില്ലായിരുന്നു ..
കളയെന്നു പറഞ്ഞ് ഈ ഓലപ്പുല്ലിനെ
പറിച്ചെറിയേണ്ടതില്ലായിരുന്നു ..
കാലിലും കയ്യിലും പറ്റിയ മണ്ണിനെ
അഴുക്കെന്ന്‍ വിളിച്ച ഞാന്‍
ഇന്ന്‍ മണ്ണിനെ അഴുക്കാക്കുന്നു ...!

Tuesday 2 July 2013

ജീവിതം


 
 
ടൂറിസ്റ്റ്‌ ബസ്സിലിരുന്ന് 
ജീവിതം ചിരിച്ചപ്പോള്‍ 
ആംബുലന്‍സിന്‍റെ പിന്നിലിരുന്ന് 
ജീവിതം വാവിട്ട് കരഞ്ഞു .
സൈഡ്ഗ്ലാസ്സിലൂടെ കണ്ടത്‌ മാത്രമായിരുന്നു ജീവിതം .
മരങ്ങള്‍ പിന്നിലേക്ക് ഓടിമറഞ്ഞത്
എന്‍റെ മരണം കണ്ടിട്ടായിരുന്നു !